പശ്ചാത്തലം

കുട്ടികളിലെ ജന്മനായുളള ഹൃദ്രോഗം തീര്‍ത്തും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്.
എന്നാല്‍ രോഗം യഥാസമയം കണ്ടത്തൊനും, അഥവാ കണ്ടെത്തിക്കഴിഞ്ഞ് കൃത്യമായ സമയത്ത് ശസ്ത്രക്രിയ നടത്താനും, സാധിക്കുന്നില്ല, മാത്രമല്ല വലിയൊരു വിഭാഗം കുട്ടികള്‍ക്കും തുടര്‍ ചികിത്സ ആവശ്യമാണ്, എന്നാല്‍ പ്രാഥമിക ചികിത്സ കഴിഞ്ഞ് മിക്ക കുട്ടികള്‍ക്കും തുടര്‍ ചികിത്സയ്ക്ക് വിധേയരാകുന്നില്ല.
ഇക്കാരണങ്ങളാല്‍ ഹൃദ്രോഗം മുലമുളള മരണനിരക്ക് ക്രമാനുഗതമായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. ഇതില്‍ രോഗം കണ്ടെത്താന്‍ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും, കൃത്യസമയത്ത് ശസ്ത്രക്രിയ ചെയ്യുന്ന, കൃത്യമായി ഫോളോപ്പ് ചെയ്യുന്ന കുട്ടികളുടെ എണ്ണം പരിമിതമാണ്. ഇത്തരത്തില്‍ കുട്ടികളെ കൃത്യമായി നിരീക്ഷിക്കാനും അവരുടെ അസുഖത്തിന്റെ തോത് അനുസരിച്ച് യഥാസമയം ശസ്ത്രക്രിയ നടത്താനും, ഫോളോപ്പ് യഥാവിധി ചെയ്യാനും ഒരു സംവിധാനം വളരെ അത്യന്താപേക്ഷിതമാണ്.

ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ബി.എസ്.കെ പദ്ധതി പ്രകാരം കുട്ടികളിലെ ഹൃദ്രോഗത്തിന് പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭ്യമാണ്. ഇതിനോടൊപ്പം മുകളില്‍ വിവരിക്കും പ്രകാരം യഥാസമയം കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും, ഫോളോപ്പ് നടപടികളെ ഏകീകരിക്കാനും വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ദേശീയആരോഗ്യ ദൗത്യം, ഐ.റ്റി വിഭാഗവും, സ്റ്റേറ്റ് ആര്‍.ബി.എസ്.കെ വിഭാഗവും കൂടി ഒരു സോഫ്റ്റ് വെയര്‍ ആവിഷ്‌കരിക്കുന്നു. ഈ സോഫ്റ്റ് വെയര്‍ വഴി ഹൃദ്രോഗമുളള കുട്ടികളെ സോഫ്റ്റ് വെയര്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നു. ഈ സോഫ്റ്റ് വെയറിന് നല്‍കിയിരിക്കുന്ന പേര് ഹൃദ്യം.